പ്രണയലേഖനം.

മങ്ങിയ വെളിച്ചവും
കുളിരുമുള്ള മുറിയില്‍
പുതച്ചുറങ്ങിയ വെള്ളിയാഴ്ച്ച.

വളകിലുക്കം കേട്ട്
ജനല്‍ തുറന്നപ്പോള്‍
അവള്‍.
നിളയില്‍ നീരാടിയ
മുടിയിഴകള്‍ പെയ്തുകൊണ്ടിരുന്നു
കരുതിവെച്ച പരിഭവം പോലെ.

അഴികള്‍ക്കിടയിലൂടെ
കടന്നു വന്ന കാറ്റാണു സംസാരിച്ചത്-
കടന്നു വന്ന കാതങ്ങളത്രയും
അവള്‍ നനയിച്ചുവെന്ന്.

പച്ച ബ്ലൌസില്‍ നിന്നും
പുറത്തെടുത്ത പ്രേമലേഖനം
നാണിച്ചു നീട്ടി കടന്നു പോയി.

എന്നെക്കുറിച്ചൊന്നുമില്ലാ...
അവളുടെ ( എന്റെയുമല്ലേ? )നാട്ടില്‍
തൊടിയും പാടവും
നിറഞുവെന്നും
അമ്മച്ചിപ്ലവിലെ ചക്കയുടെ
മണമാണ് വീട്ടിലെങുമെന്നും എന്നും..
സ്കൂളില്‍ പോയ അപ്പുവിനെ
കാത്തിരിപ്പാണ് അമ്മയെന്നുമെന്നും...
കുടയില്ലാതെ സ്കൂളില്‍ പോയ
പാവം അമ്മയുടെ അപ്പുവിനെ കാത്ത്.

എന്നെക്കുറിച്ചൊന്നുമില്ലാ...
എന്നാലും
കാത്തിരിക്കുകയാണെന്ന്
അവള്‍ പറയാതെ പറഞ്ഞു (?)
ഞാന്‍ വരും
അവള്‍ ഇതുപോലെ
പെയ്തുകൊണ്ടിരിക്കുന്നൊരു രാത്രിയില്‍.